Followers

Monday, May 16, 2011

തള്ളയും കുഞ്ഞും

വിശാലമായ മരുപ്രദേശത്ത് കൂടി തൊഴില്‍ തേടിയലഞ്ഞ് അവസാനമാണ്‌ അവന്‍ ആ മഖാമിലെത്തിയത്. മഖാമിലെ ഉസ്താദ് അവന്ന് ജോലി കൊടുത്തു. 'ഓതേണ്ടതും ചൊല്ലേണ്ടതും മറ്റും ശരിക്ക് പടിച്ചോളണം. എങ്കിലേ ഇവിടെ തുടരാന്‍ പറ്റൂ'. അയാള്‍ അവനോട് താക്കീതെന്ന പോലെ പറഞ്ഞു. 
വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവന്‍ എല്ലാം പഠിച്ചു; ഉഷാറായി. ഇതിനിടെ വര്‍ഷം മൂന്ന് കഴിഞ്ഞിരുന്നു. ഇത്തിരി കാഷ് കയ്യില്‍ കിട്ടിയപ്പോള്‍ അവന്ന് നാട്ടിലൊന്ന് പോയാല്‍ തരക്കേടില്ലെന്നായി. ഉസ്താദ് സമ്മതം ​കൊടുത്തെന്നു മാത്രമല്ല; യാത്ര ചെയ്യാന്‍ അദ്ദേഹത്തിന്‍റെ കഴുതയേയും കൊടുത്തു. അവന്‍ നാട്ടില്‍ പോയി ഒരു മാസം കഴിഞ്ഞു മഖാമിലേക്ക് തിരിച്ചു. കഴുതയുടെ വേഗതയനുസരിച്ച് ദിവസങ്ങളുടെ യാത്രാ ദൂരമുണ്ട്. ഇതിനിടയില്‍ കഴുതക്ക് രോഗം വന്നു. നടക്കാന്‍ വയ്യെന്നായി. കഴുതയെ ശുശ്രൂഷിച്ച് ദിവസങ്ങള്‍ കടന്നു പോയി. അവസാനം അത് ചത്തു. ഇനി എങ്ങനെ ഉസ്താദിന്‍റെ മുഖത്ത് നോക്കും? നല്ല ആരോഗ്യമുള്ള കഴുതയായിരുന്നു; അത് പെട്ടെന്ന് ചത്തെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അവന്‍ ആകെ തളര്‍ന്നു പോയി. എങ്കിലും മരുഭൂമിയുടെ ആ വിജനതയില്‍ അവന്‍ കഴുതയെ മറമാടി. മനുഷ്യരെ മറമാടിയാലെന്ന പോലെ ഒരു വരമ്പുണ്ടാക്കി. രണ്ടറ്റത്തും ഓരോ കല്ലു നാട്ടി. അതിന്‍റെ അടുത്തിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു യാത്രാ സംഘം വന്നു. അവരവിടെ ഇറങ്ങി. ഒരു ഖബറും അടുത്തൊരു കുഞ്ഞുസ്താദും. അവനോടവര്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. പണം നല്‍കുകയും ചെയ്തു. പിന്നെയും യാത്രാ സംഘങ്ങള്‍ വന്നു കൊണ്ടിരുന്നു. അവന്‍റെ വരുമാനം കൂടിക്കൊണ്ടിരുന്നു. അവനവിടെ ഒരു മഖാം പണിതു. അതോടെ ബിസിനസ് പല മടങ്ങായി. അവന്‍റെ ഉസ്താദ് പുതിയ മഖാമിനെക്കുറിക്ക് കേട്ടു. തന്‍റെ വരുമാനക്കുറവിന്ന് കാരണമായ മഖാം കാണാന്‍ ഉസ്താദ് പുറപ്പെട്ടു. ശിഷ്യന്‍ ഉസ്താദിന്‍റെ കാല്‌ പിടിച്ച് മാപ്പ് ചോദിച്ചു. 
ഉസ്താദ്: പുതിയൊരു മഖാം തുടങ്ങിയ വിവരം എന്നെയും അറിയിക്കാമായിരുന്നു. നമുക്ക് ഒരുമിച്ച് നില്‍ക്കാമല്ലോ. 
ശിഷ്യന്‍; വരണമെന്നും ഉസ്താദിനെ കാണണമെന്നും ഉണ്ടായിരുന്നു. 
ഉസ്താദ്: എന്നിട്ട് എന്തിനാ മടിച്ചത്? അതിരിക്കട്ടെ, എന്‍റെ കഴുതയെവിടെ? 
ശിഷ്യന്‍ കഴുതയുടെ കഥ പറഞ്ഞു കൊടുത്തു. അതിനെ മറമാടിയേടത്ത് മഖാമുയരാന്‍ കാരണമായതും വിശദീകരിച്ചു. അതാണ്‌ ഉസ്താദിനെ കാണാന്‍ മടി തോന്നാനുള്ള ഒരേയൊരു കാരണം. 
ഉസ്താദ്: ഇക്കാരണത്താല്‍ നീ മടിക്കേണ്ടിയിരുന്നില്ല; കാരണം, നിന്‍റെ മഖാമിലുള്ളതിന്‍റെ തള്ളയാണ്‌ എന്‍റെ മഖാമിലുള്ളത്.