ഒരാള്‍ ചന്തയില്‍ ചെന്ന്, പത്തു കഴുതകളെ വാങ്ങി. അവയിലൊന്നിന്റെ പുറത്തു കയറി മറ്റുള്ളവയെ തെളിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങി. കഴുതപ്പുറത്തിരുന്നുകൊണ്ട് അയാള്‍ കഴുതകളെ എണ്ണിനോക്കി. അപ്പോള്‍ അവ മൊത്തം ഒമ്പതേയുള്ളു എന്നു കണ്ടു. പിന്നെ താഴെയിറങ്ങി ഒരിക്കല്‍കൂടി എണ്ണിയപ്പോള്‍ അവ മൊത്തം പത്തുണ്ടായിരുന്നു.
ഇതുകണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: അദ്ഭുതം തന്നെ! ഞാന്‍ കഴുപ്പുറത്ത് കയറുമ്പോള്‍ മൊത്തം കഴുതകളുടെ എണ്ണം ഒന്ന് കുറയുന്നു. താഴെയിറങ്ങുമ്പോള്‍ എണ്ണം ഒന്നു കൂടുകയും ചെയ്യുന്നു. എന്നിരിക്കെ ഞാന്‍ ഇവയോടൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതാണ് ഒന്നിന്റെ പുറത്തുകയറി യാത്രചെയ്യുന്നതിനേക്കാള്‍ എനിക്കു ലാഭകരം.